നടക്കാന്‍ സാധ്യമായിരുന്നുവെന്ന് പോലീസ്
ഖാസി സി.എം അബ്ദുല്ല മൗലവിയ്ക്ക് നടക്കാന്‍ സാധ്യമായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്. ചെമ്പരിക്ക-മംഗലാപുരം ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണം അബദ്ധത്തില്‍ സംഭവിച്ച അപകടമരണമാണെന്ന നിഗമനത്തിലാണ് ലോക്കല്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഖാസി എന്തിനാണ് ചെമ്പരിക്ക കടുക്ക കല്ലിലേക്ക് പോയതെന്നും മറ്റുമുള്ള കാര്യങ്ങള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നതെന്നാണ് അന്വേഷണ സംഘത്തില്‍പ്പെട്ടവര്‍ വെളിപ്പെടുത്തുന്നത്.
ഖാസി സി.എം.അബ്ദുല്ല മൗലവി മരണപ്പെടുന്നതിന് തലേദിവസം പിതാവായ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ ഖബര്‍സ്ഥാനില്‍ സിയാറത്ത് നടത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഖബര്‍സ്ഥാനിലേക്കുള്ള 35 പടികള്‍ ഖാസി സ്വയം നടന്നുകയറിയതായി പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പടികള്‍ തനിയെ ഇറങ്ങുകയും ചെയ്തതായും പോലീസ് പറയുന്നു. ഈയടുത്ത് ഖാസി സംബന്ധിച്ച പൊതുചടങ്ങുകളുടെ വീഡിയൊചിത്രങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഖാസി എത്തുന്ന ചടങ്ങുകളില്‍ തടിച്ച് കൂടുന്ന ആള്‍ക്കൂട്ടം ഏറെ ബഹുമാനത്തോടും ആദരവോടും കൂടി ഇരുവശങ്ങളില്‍ നിന്ന് കൈപിടിക്കുന്നതും സ്വീകരിച്ചാനയിക്കുന്നതും മൂലവും ഊന്ന് വടി ഉപയോഗിക്കുന്നതിനാലുമാണ് ഖാസിക്ക് തീരെ നടക്കാന്‍ സാധ്യമല്ലെന്ന ധാരണയുണ്ടായത്. ഖാസിയുടെ ഡ്രൈവര്‍ ഉസ്മാന്‍, പള്ളിയിലെ ജോലിക്കാരന്‍, ഖാസിയുടെ അടുത്ത ബന്ധു എന്നിവര്‍ ഖാസി പിതാവിന്റെ ഖബര്‍സ്ഥാനിലേക്ക് നടന്നുപോയതായും പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഖാസിക്ക് ഒരടിപോലും നടക്കാന്‍ കഴിയില്ലെന്ന് പറയുമ്പോഴാണ് ഇത്തരത്തിലുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത്തരം കാര്യങ്ങളെല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
ഖാസി സി.എം.അബ്ദുല്ല മൗലവി കടുക്ക കല്ലില്‍ എത്തിയത് കറുത്ത വാവ് ദിവസമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഗോള ശാസ്ത്രജ്ഞനായ ഖാസി വാന നിരീക്ഷണത്തിനായിരിക്കാം അവിടെ പോയെതെന്നാണ് പോലീസ് കരുതുന്നത്. പ്രാര്‍ത്ഥനയും ഉദ്ദേശിച്ചിട്ടുണ്ടാകാം. തലേ ദിവസം ഡ്രൈവറോട് പുതിയൊരു പൂട്ട് വാങ്ങാന്‍ ഏല്‍പ്പിച്ചതു തന്നെ പുലര്‍ച്ചെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ വാന നിരീക്ഷണത്തിന് വീട് പൂട്ടി പോകാന്‍ വേണ്ടിയാണെന്നാണ് പോലീസിന്റെ നിഗമനം. അന്ന് സഫര്‍ മാസം ഇരുപത്തിയൊമ്പതാം ദിനമായിരുന്നു. ചന്ദ്രപ്പിറവി ദൃശ്യമായിരുന്നുമില്ല. വീട്ടുകാരെ അറിയിച്ചാല്‍ രാത്രിയില്‍ വാന നിരീക്ഷണത്തിന് പോകാന്‍ സമ്മതിക്കില്ലെന്നും അതുകൊണ്ടാവാം വീട്ടുകാരെ പുലര്‍ച്ചെ പുറത്തുപോകുന്ന കാര്യം ഖാസി അറിയിക്കാതിരുന്നതെന്നും പോലീസ് ബലമായും സംശയിക്കുന്നു. സാധാരണ ചടങ്ങുകള്‍ക്കും മറ്റുമായി പുറത്ത് പോകുമ്പോള്‍ ധരിക്കാറുള്ള പച്ച നിറത്തിലുള്ള ഷാള്‍ എടുത്തിരുന്നില്ല. ഇത് കുടികൂടലെന്നോ(ഗൃഹപ്രവേശം) മറ്റ് വ്യാജേനെയോ ചടങ്ങുകളുടെ പേരില്‍ ഖാസിയെ മറ്റൊരെങ്കിലും ഇറക്കിക്കൊണ്ടുവന്നതല്ല എന്നതിന് ഒരു തെളിവായി ചൂണ്ടിക്കാട്ടുന്നു.
മഖ്ബറയിലേക്ക് 35 പടികള്‍ ഖാസിക്ക് നടന്നു കയറാന്‍ കഴിയുമെങ്കില്‍ കടുക്ക കല്ലില്‍ എത്താന്‍ അദ്ദേഹത്തിനു കഴിയുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഖാസി യാത്രചെയ്യാന്‍ ഉപയോഗിച്ചു വന്ന സ്വിഫ്റ്റ് കാറില്‍ ആരുടെയും സഹായമില്ലാതെയാണ് കയരാറുള്ളതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നില്‍കൂടുതല്‍ കണ്ണട ഉപയോഗിക്കാറുള്ള ഖാസി മരിക്കുന്ന ദിവസം കണ്ണട ധരിച്ചിരുന്നോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഖാസിയുടെ മരണം സംബന്ധിച്ച് ലഭിച്ച പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും പോലീസിന്റെ കണ്ടെത്തല്‍ സ്ഥിരീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. കാലില്‍ കണ്ടെത്തിയ പരിക്കുകള്‍ പാറക്കെട്ടില്‍ വഴുതിയപ്പോള്‍ സംഭവിച്ചതാണെന്നാണ് കരുതുന്നത്. കഴുത്തിന് പിന്നിലെ രണ്ടു കശേരുക്കള്‍ പൊട്ടിയത് പ്രായമുള്ളവര്‍ വീണാല്‍ സംഭവിക്കുന്നതാണെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷണന്‍ പോലീസിന് നല്‍കിയ പ്രത്യേക മൊഴിയില്‍ പറയുന്നുണ്ട്.
വലതു കണ്ണിനു സമീപത്തായി സംഭവിച്ച അരയിഞ്ചോളം വരുന്ന മുറിവും ഇടതു കണ്ണിന് സമീപത്തെ കരുവാളിച്ച പാടും എങ്ങനെ സംഭവിച്ചു എന്നറിയാനാണ് പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷണ പിള്ള സംഭവ സ്ഥലം നേരിട്ട് സന്ദര്‍ശിച്ചത്. മല്‍സ്യം കടിച്ച മുറിവല്ല വലതുകണ്ണിനു സമീപമുണ്ടായതെന്ന് പോലീസ് സര്‍ജന്‍ അറിയിച്ചിട്ടുണ്ട്. കടലിലേയോ പാറക്കെട്ടിലേയോ കൂര്‍ത്ത ഏതെങ്കിലും വസ്തുക്കള്‍ കൊണ്ട് സംഭവിച്ച മുറിവായിരിക്കാം ഇതെന്നാണ് പോലീസ് സര്‍ജന്റെയും നിഗമനം. ഖാസി മുങ്ങി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പോലീസ് സര്‍ജന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മരണത്തിന് മുമ്പാണ് ഖാസിയുടെ ദേഹത്ത് മരണത്തിന് കാരണമല്ലാത്ത മുറിവുകള്‍ സംഭവിച്ചതെന്നാണ് പോസ്റ്റുമാര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുള്ളത്.
ഖാസിയുടെ വീട്ടിലെ പൂട്ടില്‍ നിന്നും മറ്റൊരാളുടെ പകുതി പതിഞ്ഞ ഒരു വിരലടയാളം കിട്ടിയത് പോലീസ് പരിശോധിച്ചു വരികയാണ്. സംഭവ സ്ഥലത്തേക്ക് പോലീസ് നായയെ വരുത്തി പരിശോധിക്കാതിരുന്നതും, കല്ലിനുമുകളില്‍ വെച്ചിരുന്ന ഖാസിയുടെ വടിയിലേയും ടോര്‍ച്ചിലേയും വിരലടയാളങ്ങള്‍ ശേഖരിക്കാതിരുന്നത് പോലീസിന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ടോര്‍ച്ചും വടിയും ചെരിപ്പും വെച്ച സ്ഥലത്ത് വേലിയേറ്റ സമയമായതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നതിനാലാണ് അവ പെട്ടന്ന് അവിടെനിന്നും മാറ്റിയതെന്നുമാണ് പോലീസ് നല്‍കിയ വിശദീകരണം. ഖാസിയുടെ ദേഹത്ത് പിടിവലി നടന്നതായോ, ബലപ്രയോഗത്തിന്റേയോ യാതൊരു ലക്ഷണവും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഏത് ഏജന്‍സി അന്വേഷണം നടത്തിയാലും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലെ യാഥര്‍ത്യങ്ങളും ഖാസിയുടെ മരണം സംബന്ധിച്ച് പോലീസ് സര്‍ജന്‍ പോലീസിന് നല്‍കിയ വിശദമായ മൊഴിയും തള്ളിക്കളയാന്‍ ഇടയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. അതേസമയം ആറ് മാസം മുമ്പ് വരെ ഖാസി കടല്‍ക്കരയിലൂടെ നടക്കാറുണ്ടായിരുന്നുവെന്ന പരാമര്‍ശം ശരിയല്ലെന്ന് മകന്‍ ശാഫി അറിയിച്ചു
. പോലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ വിശ്വസിക്കാന്‍ കഴിയാത്തതും സത്യം മൂടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമുള്ള ആക്ഷേപം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും
No comments:
Post a Comment